27-June-2023 -
By. news desk
ആലപ്പുഴ: സംസ്ഥാനത്തുടനീളം 72 യാത്ര ഫ്യൂവല്‍സ് ഇന്ധന സ്റ്റേഷനുകള്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നല്കുന്നവയാണ് കെ.എസ്.ആര്.ടി.സിയുടെ യാത്ര ഫ്യൂവല്‍ ഔട്ലെറ്റുകളെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് പുതിയതായി നിര്‍മിച്ച കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍, ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റേഷന് യാര്‍ഡ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനാണ് കെ.എസ്.ആര്.ടി.സി. ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനാത്ത് വിവിധയിടങ്ങളിലായി 13 യാത്ര ഫ്യുവല്‍സ് ഔട്ലെറ്റുകള് പ്രവര്‍ത്തിക്കുന്നുണ്ട്. മായം കലര്‍ത്താതെയും കൃത്യമായ അളവിലും ഇന്ധനം ലഭിക്കുന്ന ഔട്ലെറ്റുകള്ക്ക് മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പുതിയതായി 72 ഔട്ലെറ്റുകള് കൂടി സ്ഥാപിക്കുമ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നായി കെ.എസ്.ആര്.ടി.സി മാറുമെന്നും കെ.എസ്.ആര്.ടി.സിക്ക് അധിക വരുമാനം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ദീര്‍ഘദൂര ബസുകളെക്കാള്‍ താഴ്ന്ന നിരക്കില്‍ മികച്ച യാത്ര അനുഭവം നല്കാന് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസുകള്‍ക്ക് സാധിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന വിധം ബജറ്റ് ടുറിസം സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി. വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിലുടനീളം അനായാസം ചരക്കു ഗതാഗതം സാധ്യമാക്കാന്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ വഴി കൊറിയര്‍ സേവനവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ധന പ്രതിസന്ധി മറികടക്കാനും മലിനീകരണം കുറയ്ക്കാനുമായി ഇലക്ട്രിക്ക് ബസുകളിലേക്ക് കെ.എസ്.ആര്.ടി.സി വരുംകാലങ്ങളില്‍ മാറും. നിലവില്‍ 50 ഇലക്ട്രിക്ക് ബസുകള്‍ വാങ്ങിയിട്ടുണ്ട് . ഇവ കൂടാതെ 113 ബസുകള്‍ കൂടി നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. ആയാപറമ്പ് കൊല്ലം ബസ് സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയതായും ജൂലൈ മൂന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയതായി സര്‍വീസ് ആരംഭിച്ച ഹരിപ്പാട് കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു. ഹരിപ്പാട് ബസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയായി.